പടച്ചോൻ സുബർക്കത്തിന്റെ വാതിലുകൾ തുറന്നിടാൻ പോകുന്നെന്ന് റംസാനിന്റെ ആഗമനത്തോടെ ഉമ്മ പറയുമായിരുന്നു. റംസാനിന്റെ വരവ് അറീച്ചു കൊണ്ട് മല്ലാട് കവലയിലെ പ്രധാന പലചരക്കുകടകളിൽ ഒന്നായ അബോക്കർക്കാടെ പീടികയുടെ മുൻഭാഗത്ത് എട്ടുപത്തു ചില്ലു ഭരണികളിൽ ചിലതിൽ ചുക്കിച്ചുളിഞ്ഞ കറുത്ത നിറമുള്ള കാരക്ക നിറച്ചു വെക്കുന്നത് പതിവായിരുന്നു. ആകാശത്തിന്റെ പടിഞ്ഞാറെ ചെരുവിൽ റംസാൻ ചന്ദ്രിക പിറക്കുന്നതോടെ മനസ്സിനകത്ത് സന്തോഷത്തിന്റെ പൂത്തിരി കത്തും. പോത്തിറച്ചിക്കറി കൂട്ടി പെരുന്നാൾ ചോർ വൈക്കാനും അതിനു മുമ്പുള്ള സക്കാത്ത് പണത്തിനും വേണ്ടി കൊതിയോടെയുള്ള കാത്തിരുപ്പാണു പിന്നെ. ഉണർവ്വിന്റെയും ഉത്സാഹത്തിന്റെയും നാളുകളായിരുന്നു ചെറുപ്രായത്തിലെ നോംബുകാലം. എന്റെ വീടിന്റെ തൊട്ടു പടിഞ്ഞാറാണ് മദ്രസ. റംസാൻ ആകുന്നതോടെ മദ്രസ അടിച്ചുവാരി വൃത്തിയാക്കാൻ ഞങ്ങൾ കുട്ടികളുടെ ഒരു സംഘം രംഗത്തിറങ്ങും. ഇതിന് ഉത്തരവിടാറ് പള്ളീലെ മുക്രിയും മദ്രസയിലെ പ്രധാന അധ്യാപകനുമായ മമ്മു ഉസ്താദ് ആയിരിക്കും. മമ്മു ഉസ്താദിനെ കുട്ടികൾകെല്ലാർക്കും ഭയങ്കര പേടിയായിരുന്നു. ചിന്നക്കോൽ കൊണ്ടുള്ള മമ്മു ഉസ്താദിന്റെ അടീടെ ചൂടറിയാതവരായി അന്ന് ആരും ഇല്ലായിരുന്നു. റംസാനിൽ മമ്മു ഉസ്താദ് ആരെയും അടിക്കാറില്ല. അതിനാൽ റംസാൻ മാസം മുഴുവൻ മദ്രസയിൽ പോകാൻ അത്യുത്സാഹമായിരിക്കും. എട്ടാം വയസ്സുമുതലാണു് ഞാൻ നൊംബു പിടിക്കാൻ തുടങ്ങുന്നത്. രാവിലെ ഒൻപതിനു മദ്രസ വിട്ടാൽ ഞാൻ നൊംബ് മുറിക്കും. തളർന്ന് തലചുറ്റൂന്ന് പറഞ്ഞ് ഉമ്മ നിർബന്ധിച്ച് നോംബ് മുറിപ്പിക്കലായിരുന്നു. ചില ദിവസങ്ങളിൽ ഉച്ചവരെ എത്തിക്കും. അങ്ങിനെ എടുക്കുന്ന പകുതി നോംബും പിറ്റേന്ന് എടുക്കുന്ന പകുതി നോംബും ചേർത്താൽ ഒരു നോംബായി. എന്റെ നോംബുകൾ ഉമ്മ എണ്ണിയിരുന്നത് ഇവ്വിധമയിരുന്നു. ഒരുനാൾ ഉച്ചയായിട്ടും ഞാൻ നോംബ് മുറിച്ചില്ല. നോംബ് മുറിക്കാൻ ഉമ്മ ഏറെ നിർബന്ധിച്ചു . ഞാൻ കൂട്ടാക്കിയില്ല. എന്റെ ചങ്ങാതിമാരായ നജീബും ഷമീറും നിസാറും സുബൈറും ഒക്കെ മഗ്രിബ് വരെയും നോംബെടുത്ത് ഗമയോടെ നടക്കുന്നു. എന്തേ എനിക്കു മാത്രം കഴിയാത്തത്? എനിക്കു വാശിയായി. ഉമ്മ ആവുന്നത്ര പറഞ്ഞു, ഞാൻ കേട്ടില്ല. വിശപ്പ് സഹിക്കാതായി, മണി നാലാകുമ്പോഴേക്കും ഞാൻ തളർന്നു. പിന്നെ എനിക്കു ചർദ്ദി തുടങ്ങി. അങ്ങിനെ എനിക്കു നോ ംബ് മുറിക്കേണ്ടിവന്നു. കോലായിൽ പുൽപായയിൽ ഞാൻ ക്ഷീണിച്ച് കിടക്കവെ കൂട്ടുകാരൻ നജീബ് വന്നു. അവശനായ എനിക്ക് ക്ഷീണം മാറ്റാൻ മരുന്ന് തരാന്നു പറഞ്ഞ് നജീബ് എന്നെ അവന്റെ വീട്ടിലോട്ട് കൊണ്ടുപോയി. അടുക്കളയിൽ പോയി നജീബ് കുറെ ഉപ്പും പഞ്ചസാരയും വെള്ളവും കൊണ്ടുവന്നു. എനിക്ക് കാര്യം പിടികിട്ടി. രണ്ടുനാൾ മുൻപ് സ്കൂളിൽ അലവിമാഷുടെ സയ്ൻസു ക്ലാസ്സ് ഓർമ്മവന്നു. കടുത്ത ക്ഷീണം ഉള്ളപ്പോൾ ഉപ്പും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന 'മിശ്രിത ലായനി'...അതുണ്ടാക്കലാണ് നജീബിന്റെ ലക്ഷ്യം. നിമിഷങ്ങൾ... മരുന്ന് റെഡി. ഒറ്റവലിക്ക് ഒരുഗ്ലാസ്സ് കുടിച്ചു.. എന്തൊരു ചവർപ്പ്... ക്ഷീണം നല്ലപോലെ മാറാൻ ഒരുഗ്ലാസ്സ് കൂടി കുടിക്കണം എന്ന് നജീബ്. മനസില്ലാമനസോടെ ഒരുഗ്ലാസ്സുകൂടി ഞാൻ അകത്താക്കി. പിന്നെ വീട്ടിലോട്ട് നടക്കവെ വയറിന് എന്തോ പന്തികേടുപോലെ.. വയറിനകം തിളച്ചു മറിയുന്നു, ഊഹം തെറ്റിയില്ല, നിക്കർ ഊരിയെറിഞ്ഞ് ഞാൻ തട്ടാന്റെ പറമ്പിലോട്ടോടി. ഞങ്ങളുടെ പൊതു കക്കൂൂസായിരുന്നു തട്ടാന്റെ പറമ്പ്. അങ്ങിനെ എനിക്ക് വയറിളക്കോം തുടങ്ങി, നജീബിന്റെ മിശ്രിത ലായനീടെ ഫലം! പിറ്റേന്ന് ഡോക്ടർ എൻ എൻ എൻ ഭട്ടത്തിരിപ്പാടിനെ കണ്ടു് മരുന്ന് കഴിച്ചാണ് ഞാൻ പൂർവ്വ സ്ഥിതീലായത്.
ചങ്ങാതിമാർക്കൊപ്പം ളുഹർ നിസ്കാറത്തിന് ചിറമ്മൽ പള്ളിയിലേക്ക് പോകും. പള്ളീലേക്ക് എന്നെ അയക്കാൻ ഉമ്മാക്ക് ഇഷ്ടല്ലായിരുന്നു. പള്ളിക്കരികെയാണു് പുഴ. ഞാൻ പുഴയിൽ ഇറങ്ങി എന്തങ്ങിലും അപകടം പറ്റുമെന്നുള്ള പേടിയായിരുന്നു ഉമ്മാക്ക്. പള്ളിലോട്ട് പുറപ്പെടുമ്പോൾ എന്നെ പ്രത്യേകം ശ്രദ്ദിക്കാൻ കൂട്ടുകാരെ ഏൽപ്പിക്കും. പുഴയിൽ ഇറങ്ങരുതെന്ന് ഒരായിരം തവണ എന്നെ ഉപദേശിക്കും. നാൻ തിരികെ വരുംവരെ ബേജാറോടെ ഉമ്മ കാത്തിരിക്കുമായിരുന്നു. റംസാനിൽ എല്ലാ വഖ്തിനും ജമാത്തിനു എത്തണമെന്നുള്ളത് മദ്രസേലെ ഉസ്താദുമരുടെ അലിഖിത നിയമമാണു്. നിസ്കാരം കഴിഞ്ഞ് പള്ളീടെ മുകൾനിലയിൽ പോയി ഒരു കിടപ്പുണ്ട്. ചാന്തിട്ട തറയിൽ നല്ല തണുപ്പുണ്ടാകും. പുഴ കടന്നെത്തുന്ന പടിഞ്ഞാറൻ കാറ്റടിക്കുമ്പോൾ അറിയാതെ കണ്ണുകൾ അടയും. മഗ്രിബ് ആകുന്നതോടെ മിക്ക വീടുകളീന്നും പള്ളിയിലേക്ക് ചീരിണി (റംസാനിൽ പ്രത്യേകം ഉണ്ടാക്കുന്ന പലഹാരങ്ങൾ) വന്നെത്തും. തരിക്കഞ്ഞി ഇതിലെ മുഘ്യ ഇനമാണ്. കൈപ്പത്തിരി, കിണ്ണത്തപ്പം, പോളപൊരിച്ചത്.. ഇതായിരുന്നു വീട്ടിലെ റംസാൻ വിഭവങ്ങൾ. രാത്രികളിലുള്ള പ്രത്യേക പ്രാർത്തനയായ തറാവീഹ് നമസ്കാരത്തിനായി കൂട്ടം ചേർന്ന് പോകും. വൗദ്യുതി വിളക്കുകൾ ഇല്ലാത്ത ഇടത്തോട്ടിലൂടെയാണ് യാത്ര. ഒന്നര മണിക്കൂറോളം നീളുന്ന നമസ്കാരം അന്ന് ഒരു വെല്ലുവിളി തന്നെയായിരുനു. പള്ളീലെ മൊല്ലാക്കമാർക്ക് അത്താഴത്തിനുള്ള ഭക്ഷണം പലവീടുകളിൽ നിന്നായിരുന്നു. അത് വങ്ങിവരൽ ഞാനും നിസാറും ഏറ്റെടുക്കും. ഇതിന് ഗുണം രണ്ടാണ്, ഒന്ന് നിസ്കാരത്തീന്ന് രക്ഷപ്പെടാം, മറ്റൊന്ന് വിത്യസ്ത രുചിയുള്ള ഭക്ഷണങ്ങൾ ഒരു പങ്ക് ആരും അറിയാതെ ശാപ്പിടുകയും ചെയ്യാം. ഓരോവീട്ടുകാരും തങ്ങൾക്ക് കഴിയുന്നത്ര മുന്തിയവ തയ്യറാക്കിരിക്കും. തൂക്കുപാത്രങ്ങളീന്ന് സ്വാദുള്ള മണം മൂക്കിൽ തുളച്ചുകയറുന്നത് സഹിക്കനാകില്ല. കോഴി വറുത്തത്, മീൻ പൊരിച്ചത് പലയിനം ഉപ്പേരികൾ തുടങ്ങി എല്ലാം തിന്ന് വയറുനിറയും. പള്ളീലെത്തുമ്പോൾ നിസ്കാരം പകുതി കഴിഞ്ഞിരിക്കും. നിസ്കാരത്തിന്നിടയിൽ മൂത്രം ഒഴിക്കാനാണന്ന് വരുത്തി ചിലർ പുറത്തിറങ്ങും. റകഹത്തുകൾ വെട്ടിക്കാനുള്ള സൂത്രമാണിത്. മറ്റു ചിലർ മുകൾ നിലയിൽ കയറിയിരുന്ന് സൊറ പറയും. ഒരുനാൾ മമ്മു ഉസ്താദ് പൊടുന്നനെ മുകളിലോട്ട്ക് കയറിവന്നു. സൊറ പറയുന്നവർ പിടിക്കപ്പെട്ടു. എന്നാൽ നിസാറാകട്ടെ പിടികൊടുക്കാതെ സൺസേടിനോട് അൽപംചേർന്നുള്ള തെങ്ങിലൂടെ താഴേക്ക് ഊർന്നിറങ്ങി. ഈ തെങ്ങിന്റെ സ്ഥാനം പുറത്തെ ഹവുളിനും (അംഗ ശുദ്ദി വരുത്താൻ വെള്ളം നിറച്ചു വെക്കുന്ന വലിയ ടാങ്ക്) ഖബർസ്താനിനും അടുത്താണ്. ഈ സമയം ഹവുളീന്ന് കാൽ കഴുകുകയായിറുന്ന ഹംസുക്ക ശബ്ദം കേട്ട് മുകളിലോട്ട് നോക്കുമ്പോൾ കണ്ടത് ഒരു രൂപം തെങ്ങിനുമുകളീന്ന് താഴേക്ക് വരുന്നതാണ്. പേടിച്ചുപോയ ഹംസു ഉറക്കെ നിലവിളിച്ച് പള്ളിക്കക്ത്തേക്ക് ഓടി. ആകെ ബഹളമായി. കണ്ടത് കള്ളനെയാകുമെന്ന് ഒരുകൂട്ടർ, എന്നാൽ അത് ജിന്ന് ആകാം എന്നായിരുന്നു ചിലരുടെ വാദം. ജിന്ന് തെങ്ങുകയറ്റോം തുടങ്ങിയോന്ന് വേറേചിലർ! അക്കൊല്ലം ഹംസുക്ക പിന്നെ പള്ളീലോട്ട് വന്നട്ടില്ല!
സകാതിന്റെ പണത്തിന് നടക്കാൻ വല്ല്യ ഇഷ്ടായിരുന്നു എനിക്ക്. നേരത്തെ എഴുന്നേൽപ്പിക്കാൻ ഉമ്മയോട് ശട്ടം കെട്ടിച്ചാണു ഉറങ്ങാൻ കിടക്കാറു്. അകലേക്ക് പോകാൻ അനുവാദമില്ല. ആകെ പോകേണ്ടത് അടുത്തുള്ള പത്തോളം വീടുകളിൽ. കയറേണ്ട വീടുകളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകും. അന്ന് കുട്ടികൾക്ക് സകാത്തിന്റെ കണക്ക് ഇരുപത്തഞ്ച് പൈസയായിരുന്നു. എന്നാൽ എനിക്ക് ഒന്നും രണ്ടും അഞ്ചും രൂപവരെ തരും. ചിറമ്മലെ ആലിക്ക, ചിയ്യാമു ഹാജ്യേര്, കുഞ്ഞുമോയിതുഹാജിക്ക, അയ്യപ്പംകോടത്തെ ഉമ്മ, തോണിക്കാടേലെ ആമിനാത്ത..നന്മയുടെ ഹൃദ്യമായ പാഠങ്ങളായിരുന്നു ഇവരൊക്കെയെന്ന് ഓരോ റംസാനിലും ഞാൻ ഓർക്കുന്നു. ആത്മാർത്ഥതയും ദൈവ ഭയവും ധർമ്മ ബോധവും ഉള്ള ഒരുപറ്റം ആളുകൾ ഇവരെപ്പോലെ ഇന്നും എന്റെ ഓർമ്മകളീൽ ജീവിക്കുന്നു.
വീട്ടിലെ എല്ലാവരും ഒന്നിച്ചിരുന്ന്, വാഴയില വെട്ടി അതിലാണ് പെരുന്നാൾ ചോറ് തിന്നാറ്. ഭക്ഷണശേഷം പുത്തൻ ഉടുപ്പുകൾ ഇട്ട് പുറത്തിറങ്ങും. പിന്നെ മദ്രസയുടെ പരിസരത്ത് പെരുന്നാൾ കളിയാണ്. പെൺകുട്ടികളും കളിക്കാൻ കൂടും. ഞങ്ങളെക്കാൾ അൽപം മുതിർന്ന കയ്യാത്ത, നദീറാത്ത, ഷൈലജച്ചേച്ചി തുടങ്ങിയവർ ചേർന്ന് കൊച്ചം കുത്ത് കളിക്കും. ഞങ്ങളെയും കളിയിൽ ചേർക്കും. സമഭാവനയുടെ വേലിക്കെട്ടില്ലാത്ത സൗഹൃദം കുട്ടിക്കാലത്തിന്റെ മാത്രം സ്വന്തമായിരുന്നു, പ്രത്യേകിച്ചും നാട്ടിൻ പുറങ്ങളിൽ. ആ നല്ല നാളുകൾ ഇന്നും നഷ്ടബോധത്തോടെ സ്മരിക്കുന്നു. പെരുന്നാളിന്റെ അവസാന ഇന ആഘോഷമാണ് മത്താപ്പും പൂത്തിരിയും കത്തിക്കൽ. പടക്കം വാങ്ങാൻ ഉമ്മാടെ സമ്മതമില്ല. അന്തിയാകുന്നതോടെ മുറ്റത്തിറങ്ങി ഉച്ചത്തിൽ ഞാൻ ഒരു അനൗൻസ്‌മന്റ് നടത്തും. "പൂത്തിരി കത്തിക്കാൻ നേരമായി..എല്ലാവരും ഉടൻ എത്തിച്ചേരേണ്ടതാണ്". തട്ടാന്റെ പറമ്പിനെ ചുറ്റി താമസിക്കുന്ന കൂട്ടുകാരായ ഷമീർ, നജീബ്, നിസാർ എന്റെ വിളികേട്ടെത്തും. പൂത്തിരിയുടെ കരുത്തുറ്റ ശോഭയിൽ തട്ടാന്റെ പറമ്പിൽ പെരുന്നാൾ രാത്രിയിൽ സൂര്യനുദിക്കും. സുബർക്കത്തിന്റെ വാതിലുകൾ തുറന്നിടാൻ അടുത്ത കൊല്ലത്തെ റംസാനിനായി ഞങ്ങൾ കാത്തിരിക്കും. അങ്ങിനെ എത്രയെത്ര റംസാനുകൾ കടന്നുപ്പോയി.