2010, ജൂലൈ 25, ഞായറാഴ്‌ച

ആകാശം കയറിയ പൂവൻ കോഴി

നമ്മ്ടെ വീട്ടില്‌ മാത്രം 'കോയികൾ' ഇല്ലാത്തത്‌ എന്താ ഉമ്മാ..

'കോയിക്കൂട്‌' ഇല്ലാത്തതോണ്ട്‌..

കോയിക്കൂട്‌ എന്താ ഇല്ലാത്തേ..

കോയികൾ ഇല്ലാത്തോണ്ട്‌..

ഞാൻ വെശമത്തിലായി. തട്ടാന്റെ പറമ്പ്‌ മുഴുവൻ ചിക്കിപ്പറുക്കി അയൽപക്കത്തെ കോഴിക്കൂട്ടങ്ങൾ നടക്കുന്നു. നജീബിന്റോടേം ഷഫീക്കിന്റോടേം ഷമീറിന്റോടേം ഒക്കെ കോഴികളുണ്ട്‌. എന്റെ വീട്ടിൽ മാത്രം കോഴികൾ ഇല്ലാത്തത്‌ പത്തു വയസ്സുകാരനായ എന്നെ സങ്കടിത്തിലാക്കി.

കോയികളേം കൂടും വാങ്ങിക്കൂടെ ഉമ്മാ... ഞാൻ ഉമ്മാടെ പുറകെക്കൂടി.

'മോന്‌ ഇപ്പോ എന്തിനാ കോയീനേ.. അല്ലങ്കിലേ തെക്കേലേം വടക്കേലേം കോയികൾ മുറ്റത്തും ഉള്ളിലും തൂറി നറക്കെണ്‌.. ക്കോയിക്കാട്ടം കോരാൻ ഇക്ക്‌ വയ്യ'.. പുകയുന്ന അടുപ്പിൽ വിറകു വെച്ച്‌ തീയുണ്ടാക്കാൻ ആഞ്ഞ്‌ ഊതിക്കൊണ്ട്‌ ഉമ്മ പറഞ്ഞു.

'എന്താ ഉമ്മേം മോനും കൂട്യൊരു തർക്കം'.. ഷൈലജച്ചേച്ചി വന്നു ചളി മെഴുകിയ കോലയിലിരുന്നു. ഷൈലജച്ചേച്ചി തൊട്ടു തെക്കേലെ കൃഷ്ണേട്ടന്റെ മോൾ. എന്നേക്കൾ അഞ്ചാറൂ വയസ്സു മൂത്തതാ. എന്നാലും ഞങ്ങൾ കുട്ട്യോൾടെ കൂടെ തട്ടാന്റെ പറമ്പിലും മദ്രസ മുറ്റത്തും കുന്നിക്കുരു എറിഞ്ഞും ആകാശംഭൂമി കളിക്കാനും ഷൈലജച്ചേച്ചിയും കൂടും.

എന്തിനാ കുഞ്ഞാത്താ ഈ ചെക്കൻ വാശി പിടിക്കെണു്.. (ഉമ്മയെ കുഞ്ഞാത്ത എന്നയിരുന്നു ഷൈലജച്ചേച്ചി വിളിച്ചിരുന്നത്‌)

ന്റെ പെണ്ണേ.. ഓന്‌ കോയ്യേം കൂടും വേണോന്ന്... എവടെന്ന് എടുത്തോണ്ടു വരാനാ ഞാൻ..

രണ്ടു കോഴിക്കുട്ട്യോളെ ഞാൻ തരാം.. ആ പറേൻ കണ്ടാറനോടു ഒരു കൂട ഉണ്ടാക്കാനും പറയാം. ഷൈലജച്ചേച്ചി കാര്യം പരിഹരിച്ചപ്പോ എനിക്ക്‌ സന്തോഷായി.

പിറ്റേന്ന് തട്ടാന്റെ പറമ്പിന്റെ തെക്കറ്റത്തുള്ള പറയൻ കണ്ടാരന്റെ വീട്ടിലോട്ട്‌ ഉമ്മയുമായി പുറപ്പെട്ടു. ചീരുമ്മുത്തള്ളയോട്‌ ഉമ്മ കാര്യം പറഞ്ഞു. ചീരുമ്മുത്തള്ള കണ്ടാറന്റെ പെണ്ണോരുത്തി. പണ്ടെപ്പൊഴോ അടഞ്ഞു പോയതാണു് ചീരുമ്മുത്തള്ളേടെ ശബ്ദം. വെളുത്ത്‌ ചുക്കിച്ചുളിഞ്ഞ തൊലി. എപ്പഴും ഒരൊറ്റമുണ്ടിട്ട്‌ ദേഹം മറച്ചിരിക്കും. കൂട നെയ്ത്‌ ഒരാഴ്ച്ചക്കകം തന്നോളാന്ന് മുറുക്കാൻ ചവച്ചൂ ചീരുമ്മുത്തള്ള പറഞ്ഞു. മടക്ക വഴിയിൽ കുഞ്ഞിരാമന്റെ പുരക്കടുത്ത്ന്ന് പനങ്കുരു പെറുക്കി കീശയിലിട്ടു.

നാലാം നാൾ മുളച്ചീന്തിൽ നെയ്ത ചന്തമുള ഒരു കൂടയുമായി കണ്ടാറൻ വന്നു. അഞ്ചു ഒറ്റ നാണ യങ്ങൾ ഉമ്മ കണ്ടാറനു നീട്ടി. അത്‌ വാങ്ങി കണ്ടാറൻ വടക്കോട്ട്‌ പറപറന്നു. ഷൈലജച്ചേച്ചി രണ്ടു പിടക്കോഴിക്കുട്ടികളെ കൊണ്ടുവന്നു. പടിഞ്ഞാറെ മുറ്റത്ത്‌ കോഴിക്കൂട സ്ഥാപിച്ചു.

മാസങ്ങൾ കഴിഞ്ഞു. കോഴികൾ പെരുകി. തട്ടാന്റെ പറമ്പിൽ മഴ പെയ്തു. പുല്ലുകൾ മുളച്ചു. പുല്ലുകളിലെ പുഴുക്കളെ തിന്നാൻ കോഴികൾ നടന്നു. മഴ നാലുനാൾ തുടരെ പെയ്തു. തട്ടന്റെ പറമ്പും മദ്രസക്കുളവും നിറഞ്ഞു. ഷൈലജച്ചേച്ചീടെ വീട്ടിലെ ടൈഗർ നായ ഇറയത്തിരുന്ന് മഴയെ നോക്കി നീട്ടി നീട്ടി മോങ്ങി. രാത്രിയിൽ മദ്രസക്കുളത്തീന്ന് മഞ്ഞത്തവളകൾ കൂട്ടത്തോടെ കരഞ്ഞു. ചാഞ്ഞു പെയ്യുന്ന മഴ പുരക്കുമേൽ ഓലക്കീറിൽ പതിക്കുന്ന ശബ്ദംകേട്ട്‌ ഞാനുറങ്ങാൻ കിടക്കും. ഉമ്മ കഥകൾ പറയും. നാലാനാകാശത്തിൽ സൊർണ്ണച്ചിറകുള്ള ഒരു പൂവൻ കോഴിയുണ്ട്‌. ആ കോഴി കൂകുമ്പൊഴാത്രെ നേരം പുലരുന്നത്‌. അതിശയം തന്നെ. സൊർണ്ണച്ചിറകുള്ള കോഴിയെ ഞാൻ അന്ന് സൊപ്നം കണ്ടു.

ചൊപ്ച്ചൻ, കപ്ച്ചൻ വെപ്ച്ചൻ ഇത്യാദി പേരുകളായിരുന്നു എന്റെ കോഴികൾക്ക്‌. നിറമായിരുന്നു പേരുകളുടെ അടിസ്ഥാനം. വെളുത്തവൻ വെപ്ച്ചൻ,കറുത്ത തൂവലുള്ളവൻ കപ്ച്ചൻ. കടുത്ത ഒരു വേനൽ വന്നു. നാടാകെ കോഴികൾക്ക്‌ ദീനം പടർന്നു പിടിച്ചു. ഷൈലജച്ചേച്ചീടെ കോഴികൾ എല്ലാം രോഗം വന്ന് ചത്തുപോയി. എന്റെ കോഴികൾ തൂങ്ങി നിന്നു. കുറേ ചത്തു. ഒടുവിൽ വെപ്ച്ചനും കപ്ച്ചനും ബാക്കിയായി. കമ്മ്യൂണിസ്റ്റ്‌ പച്ചടെ ഇല പിഴിഞ്ഞ്‌ നീര്‌ കൊടുത്താൽ രോഗം ഭേദപ്പെടൂന്ന് ഒരു കരക്കമ്പി കേട്ടു. മദ്രസക്കുളത്തിന്റെ വക്കത്തുന്ന് കമ്മ്യൂണിസ്റ്റ്‌ പച്ച ഇലപറിച്ച്‌ പിഴിഞ്ഞ്‌ നീര്‌ കുപ്പിയില്ലാക്കി. എന്റെ ജീവൻ രക്ഷാ ഔഷദവും ഏറ്റില്ല. ശേഷിച്ചവയും അന്ത്യശോസം വലിച്ചു. പറയൻ കണ്ടാറൻ നെയ്ത കൂട മാത്രം ബാക്കിയായി പടിഞ്ഞാറേപുറത്ത്‌ കിടന്നു.

കാലം ധൃതി കാട്ടി സഞ്ജരിച്ചു. ജീവിതത്തിൽ മാറ്റങ്ങൾ വന്നു. പഴയ ഓല വീട്‌ പൊളിച്ചു ഓടു മേഞ്ഞ വീടായി. ഷൈലജച്ചേച്ചിയും കുടുംബവും വീടു വിറ്റ്‌ മറ്റൊരിടത്തേക്കുപോയി. തട്ടാന്റെ പറമ്പ്‌ മുഴുവൻ പുതിയ അവകാശികൾ നിറഞ്ഞു. മദ്രസക്കുളം മണ്ണിട്ടു മൂടി.

കിഴക്കേ കോലായിലിരുന്ന് ഞാൻ ഡയറി എഴുതുന്ന മഴയുള്ള ഒരു രാത്രി. ഒരു കൂറ്റൻ ഇടി വെട്ടി. കറന്റ്‌ പോയി. ഞാൻ ചിമ്മിണി വിളക്ക്‌ കൊളുത്തി. അപ്പുറത്ത്‌ വൈക്കോൽ കൂട്ടത്തിനടുത്ത്‌ ഒരു ഇനക്കം.. ഞാൻ ടോർച്ച്‌ തെളിയിച്ചു. നനഞ്ഞൊട്ടി ഒരു വലിയ പൂവൻ കോഴി വൈക്കോലിൽ പതുങ്ങിയിരിക്കുന്നു. ഞാൻ അടുത്തെത്തി പൂവനെ തൊട്ടു. അനുസരണയോടെ അവൻ നിന്നു. മൂന്നു നാൾ കഴിഞ്ഞു. ആരും പൂവനെത്തേടി വന്നില്ല. ഇതിനിടെ പാർപ്പിടം അവൻ സ്വയം കണ്ടത്തി. കിഴക്കേ അതിരിലെ മൂവാണ്ടൻ മാവ്‌. ഏഴെട്ട്‌ വർഷം മുൻപ്‌ ഉമ്മ നട്ടമാവ്‌. അന്തിയാവുമ്പോൾ മാവിൻ ചില്ലയിൽ അവൻ കയറിയിരിക്കും. സുബഹിക്കു മുൻപ്‌ ഗംഭീര ശബ്ദത്തിൽ കൂകി വെളുപ്പാ യെന്നു അറീക്കും. അസധാരണമായ വലിപ്പം, തൂവലുകൾക്കും നീണ്ട വാലിനും സ്വർണ്ണ നിറം.പണ്ട്‌ ഉമ്മ പറഞ്ഞ കഥ ഓർമ്മ വന്നു. നാലാം ആകാശത്തിലെ സ്വർണ്ണ നിറമുള്ള പൂവൻ കോഴീടെ അതേ സ്വരൂപം.

വീടിന്റെ വടക്കേകോലായിയിൽ ഞങ്ങൾ കൂട്ടുകാർ ജോലികൾക്കൊടുവിൽ ഒത്തുചേരുക പതിവായിരുന്നു. സന്തോഷങ്ങളും സങ്കടങ്ങളും സ്വപ്നങ്ങളും പങ്കുവെച്ച്‌ പാതിരാത്രി തുടരുന്ന ഇരുത്തം. കാപട്യം ഇല്ലാത്ത സവിശേഷമായ സൗഹൃദത്തിന്റെ സത്യസന്ദമായ ഒത്തുചേരൽ. പാതിരാക്ക്‌ തമാശകൾ പറഞ്ഞ്‌ ഞങ്ങൾ ഉരക്കെച്ചിരിക്കുമ്പോൾ മൂവ്വാണ്ടൻ മാവിലിരുന്ന് പൂവൻ കോഴി ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കി തന്റെ സാന്നിദ്ദ്യം അറീക്കും.

പെട്ടന്നൊരുനാൾ പൂവൻ അപ്രത്യക്ഷനായി. അയൽപക്കങ്ങളിൽ തിരഞ്ഞു. ആരും കണ്ടവരില്ല. പൂവന്റെ തിരോദ്ധാനം വലിയ വാർത്തയായി. ഓരോരുത്തരെയായി ഉമ്മ വിസ്തരിച്ചു. എല്ലവരും കൈ മലർത്തി. കോക്കാനോ കുറുക്കനോ പിടിച്ചെങ്കിൽ തൂവലെങ്കിലും കണ്ടേനേന്ന് ഉമ്മ പറഞ്ഞു. നാളുകൾ കഴിഞ്ഞു. പിന്നീടൊരിക്കലും അവന്റെ കൂവൽ മുഴങ്ങിക്കേട്ടില്ല. അവൻ നാലാനാകാശ ത്തിലോട്ട്‌ തിരികെ പൊയ്ക്കാണുമെന്ന് വെറുതെ ഞാൻ സങ്കൽപ്പിച്ചു.

മഴയും മഞ്ഞും വെയിലും ഭൂമിയെ തഴുകി കടന്നുപോയി. കാലം ഞങ്ങൾ സുഹൃത്തുക്കളെ പല വഴികളിലാക്കി. നിസാർ ഖത്തറിൽ, സുബൈറും ജംഷിയും ഷിഹാബും നഷുവും യു ഏ ഇ യിൽ. സൗദിയിൽ ഇംതിയാസും ബഷീറും. ഞാനും അയൂബും നാട്ടിൽ അവശേഷിച്ചു. ഇടക്ക്‌ ഖത്തറീന്ന് നിസാർ വിളിക്കുന്നേരം ഒറ്റക്കാര്യമേ ഞങ്ങൾ ആവശ്യപ്പെടാറുള്ളൂ. എത്രയും വേഗം വിസയെടുത്ത്‌ ഞങ്ങളെക്കൂടി അങ്ങോട്ട്‌ കൊണ്ടുപോണം. ഇതു കേട്ടൂകേട്ട്‌ നിസാറിന്റെ ചെവിക്കകത്ത്‌ തയമ്പുവന്നുകാണും. വിസ റെഡിയായോന്ന് ചോദിക്കുമ്പ്പം "അടിക്കാൻ കൊടുത്തിട്ടൂണ്ട്‌" എന്ന മറുപടി കേട്ട്‌ ഞങ്ങൾ ചിരിക്കും. എന്നിട്ടും ഞങ്ങൾ സ്വപ്നങ്ങൾ കണ്ടു.

2002ലെ നോമ്പ്‌ ഒടുവിൽ ഒരുനാൾ നിസാർ വിളിച്ചു. പെരുന്നാൾ ആഘോഷിക്കുന്നില്ലേന്ന് ചോദ്യം. അഘോഷിക്കാൻ ഉറുപ്പ്യ ഇല്ലാന്നും അയച്ചു തരാനും ഞങ്ങൾടെ അഭ്യർത്തന. അടുത്ത ദിവസം പക്കറളിയൻ വരുമ്പോൾ അയക്കാന്ന് നിസാർ. ഫോൺ കട്ടായി.

അള്ളാ ഇതു വല്ലതും നടക്കോ... വിശ്വാസം വരാത്ത മട്ടിൽ അയൂബ്‌ എന്നോട്‌. ക്കാത്തിരിക്കാം, ഞാൻ പറഞ്ഞു. കിട്ടിയാൽ പെരുനാളിനു ഒരു പുത്തൻ ഷർട്ട്‌ എടുക്കണം. മനസിൽ കരുതി. പെരുന്നാൾ തലേന്ന് ഖത്തറീന്ന് പക്കറളിയൻ വന്നിറങ്ങി. ഷൈലജച്ചേച്ചിയും കുടുംബവും പോയ പിറകെയാണു് പക്കറളിയൻ ഞങ്ങൾടെ അയൽവാസിയായത്‌. രാത്രിയിൽ ഞാനും അയൂബും പക്കറളിയനെ സന്ദർശിച്ചു. ഒരു ഖത്തർ ചിരി സമ്മാനിച്ച്‌ പക്കറളിയൻ വിശേഷങ്ങൾ പറഞ്ഞു. പിന്നെ അകത്തുപോയി ഒരു കവറുമായി വന്നു, "ഇതു നിങ്ങൾക്ക്‌ തരാൻ നിസാർ പ്രത്യേകം പറഞ്ഞിട്ടുണ്ട്‌".

അപ്പോ നിസാറിനെ കാണാറുണ്ടല്ലേ.. കവർ വാങ്ങി അയൂബ്‌ ചോദിച്ചു.

പിന്നല്ലാതെ... മാത്രല്ല, റൂമിൽ വന്നാൽ നിങ്ങൾടെ പഴയ എല്ലാ കഥകളും പറയാറുണ്ട്‌. റോത്ത്മെൻ സിഗ്‌രറ്റ്‌ വായിൽ നിന്നെടുത്ത്‌ പുക ഊതിക്കളഞ്ഞു. പിന്നെ ഒന്നു ഗൂഡമായി ചിരിച്ച്‌ പക്കറളിയൻ തുടർന്നു, എന്തിനു പറേണു് നിങ്ങൾടെ മുവ്വാണ്ടൻ മാവിലെ പൂവങ്കോഴിയെ പൊക്കി കറിവെച്ചു സാപ്പിട്ടതടക്കം പറഞ്ഞിട്ടുണ്ട്‌".

ഒരു നിമിഷം എന്റെ ശ്വാസം നിന്നുപോയി. ഹമ്പട പഹയാ.. അതു ശെരി.. അപ്പൊ പൂവൻ കോഴി പോയത്‌ ആകാശത്തിലോട്ടല്ല, നിസാറിന്റെ വയറ്റിലോട്ടായിരുന്നു. അതൊരു പുതിയ അറിവാ യിരുന്നു. പക്കറളിയനു് ശുഭരാത്രി പറഞ്ഞ്‌ നിസാർ അയച്ച കവറുമായി ഞങ്ങൾ നടന്നു. മദ്രസപ്പടിക്കലെത്തി കവർ പൊട്ടിച്ചു. അമ്പത്‌ റിയാലിന്റെ പിടക്കുന്ന രണ്ടു നോട്ടുകൾ. ഇരുട്ടിൽ അത്‌ തിളങ്ങുന്നു.

അള്ളാഹു അക്ബറള്ളാഹു അക്ബറള്ളാഹു അക്ബർ

ലാ ഇലാഹ ഇല്ലള്ളാഹു അള്ളാഹു അക്ബർ.....

ശവ്വാലിന്റെ പിറവി അറീച്ച്‌ ചിറമ്മൽ പള്ളീന്ന് ചിലമ്പിച്ച ശബ്ദത്തിൽ തക്ബീർ മുഴങ്ങി. ആകാശം കയറിയ പൂവൻ കോഴീടെ കഥ ഓർത്ത്‌ ചിരിച്ചു ചിരിച്ച്‌ ഞങ്ങൾ മല്ലാടിലേക്ക്‌ നടന്നു.

2010, ജൂലൈ 7, ബുധനാഴ്‌ച

കാൽ പന്തു കളി എന്റെ ഓർമ്മകളിൽ

       ഓർമ്മയിൽ ആദ്യമായി ഫൂട്ബോൾ കളിച്ചത്‌ തട്ടാന്റെ പറമ്പിന്റെ വടക്കേ അറ്റത്തായിരുന്നു. അന്ന് പത്തു വയസ്സു പ്രായം. കടലാസ്‌ ചുരുട്ടി വലിയ ഉണ്ടയാക്കി ചാക്കു നൂൽ കൊണ്ടു കെട്ടി ബന്തവസാക്കിയതായിരുന്നു അന്നത്തെ പന്ത്‌. തട്ടാൻ രാജേഷ്‌, ജപ്പാൻഷമീർ, അടിമസുരേഷ്‌, ബെന്നി ഇവരൊക്കെയായിരുന്നു തട്ടാന്റെ പറമ്പിലെ ആദ്യകാല താരങ്ങൾ.രാജേഷിനു അവന്റെ അച്ചൻ പേർഷ്യയിൽ നിന്നും ഒരു ബോൾ കൊണ്ടുവന്നു. കളി പിന്നെ അതുകൊണ്ടായി. പറമ്പിന്റെ കിഴക്കുള്ള പൊട്ടക്കിണറ്റിലേക്ക്‌ ഒരുനാൾ പന്ത്‌ വീണുപോയി. പൊട്ടക്കിണറ്റിലിറങ്ങാൻ ആർക്കും ദൈര്യമില്ല. അപ്പോഴാണ്‌ ഔസേപ്പേട്ടന്റെ മെലിഞ്ഞ്‌ വിളറി വെള്ളാമ്പിച്ച മകൾ ലൂസി വന്നു നിസാറിനെ നോക്കി ഒരു കാച്ചുകാച്ചിയത്‌..'ഒന്നു ഹെൽപ്‌ ചെയ്യടോ'..ലൂസിടെ ഇംഗ്ലീഷ്‌ കേട്ട്‌ അന്താളിച്ചു നിസാർ നിൽക്കെ ലൂസി ചോദ്യം ആവർത്തിച്ചു. പിന്നെ കാത്തു നിന്നില്ല, നിസാർ പൊട്ടക്കിണറ്റിലേക്ക്‌ ഒറ്റച്ചാട്ടം. അന്നു മുതൽ ലൂസി ഹെൽപ്‌ ലൂസി എന്നറിയപ്പെട്ടു. പേർഷ്യൻ പന്തിനു അധികം ആയുസ്സില്ലായിരുന്നു. കാർലോസിനെ വെല്ലുന്ന നിസാറിന്റെ ഒരു കിക്ക്‌ ഗോൾ പോസ്റ്റാക്കി വെച്ചിരുന്ന കരിങ്കല്ലിന്റെ മുനയിൽ അടിച്ചതും അമിട്ടു പൊട്ടുന്ന ശബ്ദത്തിൽ പേർഷ്യൻ ബോൾ പൊട്ടിപ്പാളീസായി.അന്നു മുങ്ങിയ ഞങ്ങൾ പിന്നെ പൊങ്ങിയേ ഇല്ല.


        1985, ഇക്കാലത്ത്‌ വാഴപ്പുള്ളിയിൽ കേരള ആർട്ട്സ്‌ ഏന്റ്‌ സ്പോർട്ട്സ്‌ ക്ലബ്ബിന്റെ കളിക്കാറായി രംഗത്തുണ്ടായിരുന്നത്‌ സണ്ണിയേട്ടൻ,ലാൽജിയേട്ടൻ,ഹംസ്സക്ക,കരീംക്ക എന്നിവരായിരുന്നു. കളിക്കിടയിൽ സുണ്ണിയേട്ടന്റെ കൈ ഒടിഞ്ഞതോടെ പിൽക്കാലത്ത്‌ ഈ ടീം നാമാവശേഷമായി. എന്റെ അമ്മാവന്റെ പുത്രൻ ഹാരിസ്‌ എന്ന വിദ്ദ്വാൻ തൃശ്ശൂർ നഗരത്തിൽ നിന്നും എന്റെ വീട്ടിൽ പാർക്കാൻ വന്നു.ആശാൻ പുതിയൊരു ടെക്നിക്‌ കാണിച്ചു. പഴയ തുണി നീളൻ കഷ്ണങ്ങളാക്കി കീറി അവ ഒരു കോട്ടിക്കുമീതെ ചുറ്റിത്തുടങ്ങി.ഒരു ബബ്ലൂസ്‌ നാരങ്ങേടെ വലിപ്പമായപ്പോൾ നിറുത്തി. പിന്നെ പല നിറത്തിലുള്ള തുണിക്കഷ്ണങ്ങൾ സമചതുരത്തിൽ തുന്നിപ്പിടിപ്പിച്ചു ഒരു പുറംതോടുണ്ടാക്കി. ഹയ്യട.. നോക്കുമ്പോൾ ഒന്നാംതരം ഒരു പന്ത്‌ റെഡി. കളിയുടെ ആരവം തുണിപ്പന്ത്‌ കീഴടക്കി. എന്നാൽ തുണിപ്പന്തിനു ചില വശപ്പിഷകുകൾ ഉണ്ടായിരുന്നു. ഭാരക്കൂടുതൽ കൊണ്ട്‌ അടിച്ചാൽ നീങ്ങാൻ പ്രയാസം.ഊക്കിൽ അടിച്ചവരുടെ കാലുകൾ നീരുവന്നു വീർക്കുന്നത്‌ നിത്യസംഭവമായി. ഇതുകൊണ്ടു ഒരു ഗുണമുണ്ടായി.മല്ലാടു കവലയയിൽ പെട്ടിക്കട നടത്തുന്ന പണിക്കർ മർമാണി തൈലം വിറ്റ്‌ കാശുണ്ടാക്കി.


        ഹുസൈൻ, രചന എന്ന പേരിൽ ഒരു ക്ലബ്ബുണ്ടാക്കി. ഞാനും നിസാറും ചേർന്ന് മല്ലാട്‌ അബോക്കർക്കാടെ പീടികയിൽ പോയി 501സോപ്പിന്റെ പെട്ടി വാങ്ങി മുറിച്ചു ചട്ടയിൽ 'രചന ക്ലബ്ബ്‌' എന്ന് കരിക്കട്ട കൊണ്ടെഴുതി റോഡരികിലെ തെങ്ങിൽ ആണിയടിച്ച്‌ ഉറപ്പിച്ചു. ആയിടേ കുരഞ്ഞൂരിലെ അലച്ച സലിടെ ടീമുമായി 5 രൂപക്കു ഒരു മേച്ച്‌ നടന്നു.മദ്രസപ്പടിയുടെ തെക്ക്‌ പടിഞ്ഞാറു പറമ്പായിരുനു കളിസ്ഥലം. 4-4 ൽ സമനില.. കളി കഴിയാൻ അഞ്ചു മിനുട്ട്‌ ബാക്കി. ബേക്കിയായിരുന്ന മനു നജീബ്‌ എല്ലാരെയും വെട്ടിച്ച്‌ ഒറ്റക്ക്‌ മുന്നേറി ഒരു പൂശ്പൂശി. കുരഞ്ഞിയൂരിന്റെ ഗോളി ഷെക്കീൽ ബാബുന്റെ കണ്ണുമഞ്ഞളിച്ചുപോയി. ഗോൾപോസ്റ്റാക്കി നാട്ടിയ ശീമക്കൊന്നകൾക്കുള്ളിലൂടെ ബോൾ അപ്പുറം കടന്നു. ഞങ്ങൾ ജയിച്ചു. അങ്ങിനെ പത്തു രൂപക്ക്‌ ചാവക്കാടുനിന്നു ഒരു മൂന്നാം നംബർ ബോൾ വാങ്ങി. പണം കൊടൂത്ത്‌ വാങ്ങിയ ആദ്യ പന്ത്‌ ഇതായിരുന്നു. മാപ്പിള സ്കൂളിൽ നാലാം ക്ലാസ്സിൽ പടിക്കുമ്പോഴായിരുന്നു ഇത്‌.

        കാലം എന്ന യാത്രക്കാരനൊപ്പം ഗ്രാമം മാറ്റങ്ങളുടെ പടികൾ കയറിക്കൊണ്ടിരുന്നു.തിരുവത്ര കുഞ്ചേരിയിലും മല്ലാടു പാടത്തും ടൂർണ്ണമന്റുകൾ നടന്നു. പാസ്‌ പറപ്പൂർ, മാസ്‌ പാടൂർ, വഴിതിരിവ്‌ കേച്ചേരി എന്നീ അന്ന്യ ദേശക്കാർ ഫൂട്ബാൾ കളിയുടെ അന്നുവരെ കാണാത്ത അഴകും ആവേശവും നാട്ടിൻപുറത്തിനു കാട്ടിക്കൊടുത്തു. സംഘങ്ങളായി കുട്ടികളും മുതിർന്നവരും പുറമ്പോക്കിലും പാടത്തും കാൽ പന്ത്‌ കളിച്ചു തിമർത്തു.

        കാലത്തിന്റെ കുത്തൊഴുക്കിൽ ഗ്രാമത്തിന്റെ മുഖം പിന്നെയും മാറി മറിഞ്ഞു. തട്ടാന്റെ പറമ്പ്‌ വെട്ടിമുറിച്ചു വീടുകൾ വന്നു. പുതിയ കളിസ്ഥലങ്ങൾ തേടാൻ ഇത്‌ കാരണമായി. പാമ്പിൻ കാവിന്‌ കിഴക്ക്‌ കുട്ടാടൻ പാടത്തേക്ക്‌ ഞാനും ഹുസൈൻ,ഇംതിയാസ്‌,ജംഷി,ഷിഹാബ്‌,നിസാർ,സുബൈർ എന്നിവരും ചേക്കേറി. ഉണ്ണികൃഷ്ണൻ,വയനാടൻ ജോസഫ്‌,സതീശൻ,പിണ്ടമണി,ചാവാളി സവാദ്‌, തോമാസ്‌,വാസു, ധർമ്മിഷ്ടൻ,ചീരാമുട്ടി തുടങ്ങി വൻ താരനിര ഞങ്ങളെ എതിരേറ്റു. സവാദും ചീരാമുട്ടിയും മത്സരിച്ചു കാലിനടിക്കും. ഒരുനാൾ ഹുസൈന്റെ ചുള്ളിവിരൽ രണ്ടുകഷ്ണങ്ങളായി കുട്ടാടൻ പാടത്തു കിടന്നു. അതോടെ ഇംതിയാസ്‌ കളി നിറുത്തി പുറത്തിരുന്നു കമേണ്ട്രി തുടങ്ങി.ഷിഹാബിന്റെ നീക്കങ്ങളെ 'പറക്കും കടുവയെപ്പോലെ' എന്നാണു വിശേഷിപ്പിക്കാറ്‌. അന്നുമുതൽ ഷിഹാബിനു കടുവ എന്ന പേരു സൊന്തമായി.

        ചാവക്കാട്‌ കാജാ ട്രോഫി, കാസ്‌ കോട്ടപ്പടി സംഘടിപ്പിച്ച ഫൂട്ബോൾ മേളകൾ തുടങ്ങിയവ പ്രാദേശിക ഫൂടുബോളിന്‌ പുതിയ ഉണർവ്വേകി. ലക്കിസ്റ്റാർ ആലുവ,ബ്ലാക്ക്‌ ഏന്റ്‌ വൈറ്റ്‌ കോഴിക്കോട്‌,മുഹമ്മദൻസു മലപ്പുറം തുടങ്ങി മികവുറ്റ ടീമുകൾ മാറ്റുരച്ചു. ഇതിന്റെ പ്രതിധൊനി എന്നോണം നാട്ടിൻപുറത്ത്‌ ഇടവഴികൾ തോറും ഫൂട്ബോൾ ഹരം പടർന്നുപിടിച്ചു.

        മടപ്പാട്‌ പറമ്പ്‌, ചെരേയ്‌ യു പി സ്കൂൾ പരിസരം എന്നിടങ്ങളിലെ കുറെപേർ ചേർന്ന് കോഫിഹൗസ്‌ കേന്ദ്രമാക്കി 'കിക്കിരിമുട്ടം' എന്നപേരിൽ 1992ൽ ഒരു ഫൂടുബോൾ ടീം ഉണ്ടാക്കി. ലിംഗ്‌ റോഡിലെ പാടമായിരുന്നു എന്നും നാട്ടിലെ ഫുട്ബോളിന്റെ മെക്ക. വർഷങ്ങളിൽ സഘടിപ്പിക്കുന്ന ടൂർണ്ണമന്റുകൾ നാടിന്റെ ആഘോഷമായിമാറി. കളി കാണാൻ നാട്‌ മുഴുവൻ പാടത്തേക്കൊഴുകി. നാലു മണിയ്ക്ക്‌ കളിയുടെ തുടക്കം അറിയിച്ച്‌ മൈക്കിലൂടെ സിനിമാ ഗാനങ്ങൾ കേൾകാം. ഓല വെച്ചുകെട്ടി അതിനുള്ളിൽ ഇരിക്കുന്ന സംഘാടകർ കമ്മറ്റി എന്നറിയപ്പെട്ടു. കളിക്കാർക്ക്‌ കുടിക്കാനുള്ള സോഡ ഈ ഷെഡ്ഡിനുള്ളിലാകും. റഫ്രിയായി മിക്കവാറും അലവിമാഷ്‌ ഉണ്ടാകും,ഭംഗിയായും കൃത്യമായും ആ റോൾ അദ്ദേഹം ചെയ്തു. ഹാഫ്‌ ടൈമിൽ അന്നത്തെ ബ്രാന്റ്‌ ഐസ്‌ ആയ മിയാമി, ടിറ്റ്ബിറ്റ്‌ എന്നിവ കച്ചവടം പൊടിപൊടിക്കും. 25 പൈസക്ക്‌ സേമിയം ഐസ്‌, കോലൈസിനും പാലൈസിനും 50 പൈസ വില. കിക്കിരിമുട്ടം നാടിനു ഫൂടുബോളിന്റെ സുവർണ്ണ ഘട്ടം സമ്മാനിച്ചു. ഈ ടീം കുറേയിടങ്ങളിൽ പോയി കളിച്ചു ജയിച്ചു മടങ്ങി. വാഴപ്പുള്ളി അറിയപ്പെട്ടു. ഡൊമിനിയേട്ടൻ,ഷാജേട്ടൻ,ബഷീർക്ക,ഷംസുക്ക, ജമാൽക്ക,ഒ എം ഷാജി എന്നിവരൊക്കെ വാഴപ്പുള്ളിക്കുവേണ്ടി ജെഴ്സി അണിഞ്ഞു. കുറേ കഴിഞ്ഞപ്പോൾ ജീവിതത്തിന്റെ തിരക്കിൽ പലരും പലവഴിക്കു തിരിഞ്ഞു. അതോടെ കിക്കിരിമുട്ടം ടീമിന്റെ അന്ത്യം കുറിക്കപ്പെട്ടു.

        കാലം പിന്നേയും സഞ്ചരിച്ചു. ടെലിവിഷന്റെ വരവോടെ നാട്ടിൻപുറത്തേക്ക്‌ ക്രിക്കറ്റ്‌ കടന്നു കയറി. ഇത്‌ സാവകാശം ഫൂട്ബോളിന്റെ ശക്തി ക്ഷയിപ്പിച്ചു. കോഫീ ഹൗസിൽ അനശ്വര ക്ലബ്‌ രൂപീകരിക്കപ്പെട്ടു. ഈ ക്ലുബ്ബിന്‌ ഫൂട്ബോളിന്‌ വേണ്ടി കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ നാട്ടിൻപുറത്തു കളിച്ച്‌ വളർന്ന ഒ എം ഷറഫു പോലുള്ള പ്രതിഭകളെ പ്രോൽസാഹിപ്പിക്കുന്നതിൽ അനശ്വര പങ്കുവഹിച്ചു. ആലുക്കാസ്‌ പോലുള്ള ജില്ലാതല ടീമുകളിൽ കളിക്കുക വഴി ഒ എം ഷറഫു, ഷംസു എന്നിവർ നാടിന്റെ അഭിമാനം ഉയർത്തി. 2005നു ശേഷം പന്തു കളി പാടങ്ങളിൽ ഒരു നേരമ്പോക്കുമാത്രമായി ഒതുങ്ങി. പഴയ അവേശം എവിടെയോ നഷ്ടപ്പെട്ടു. നാട്ടിൽ ഇന്ന് മല്ലാട്‌ പാടത്തെങ്കിലും പന്തു കളിക്ക്‌ ജീവൻ ബാക്കിയുണ്ട്‌. മുൻ കാലങ്ങളിൽ കുട്ടാടൻ പാടങ്ങളിൽ പന്തുരുളുമ്പോൾ ഉയർന്ന ആരവങ്ങൾ ഇന്നും മനസിനകത്ത്‌ തുടികൊട്ടുന്നു. ഫൂടുബോൾ ഉത്സവങ്ങൾ നാട്ടിൻ പുറങ്ങളിൽ അരങ്ങ്‌ തകർക്കുന്ന ദിവസങ്ങൾക്കായി നമുക്ക്‌ കാത്തിരിക്കാം.. പ്രതീക്ഷയോടെ...