പുത്തന്‍ ഉടുപ്പിന്റെയും പുസ്തകത്തിന്റെയും മണവുമായി സ്കൂള്‍ തുറക്കുന്ന ആദ്യ ദിവസം പോകാന്‍ തുടങ്ങുമ്പോഴാകും മഴയുടെ ഇരമ്പി ഉള്ള വരവ്. ചിന്നം പിന്നം മഴ പെയ്യുമ്പോള്‍ പുത്തന്‍ കുട നിവര്‍ത്തുകയായി. പിന്നെ കാല്‍ നടയായി ഇടവഴികളിലെ ചെളിവെള്ളം തെറിപ്പിച്ചുള്ള ആയാത്ര ഓര്‍ത്തെടുക്കുകയാണ് ഞാന്‍.
മഴയത്ത് കാറ്റുവന്നു കുസൃതി കാട്ടുമ്പോള്‍ കുട വട്ടം കറങ്ങി തെന്നിപ്പറക്കും, മഴത്തുള്ളികള്‍ മേലാകെ നനയ്ക്കും. കറപ്പന്‍ കുടകള്‍ക്ക് ചില്ലുപിടിയാണ്. അത് തറയില്‍ ഉരസിയാല്‍ നാരങ്ങ സത്തിന്റെ മണം വരും. ചില കുട്ടികള്‍ ഫോറിന്‍ കുടയുമായ് വരും, "പത്തിരിക്കുട" എന്നാണ് ഫോറിന്‍ കുട അറിയപ്പെട്ടിരുന്നത്. രണ്ടാം ക്ലാസ് വരെ മരച്ചട്ട ഫ്രെയിം ഉള്ള കളിമണ്‍ സ്ലേറ്റും പെന്സിലുമായിരുന്നു പഠനോപകരണങ്ങള്‍. സ്ലേറ്റു ഒന്നിന് ഒരുരൂപ വില, പെന്‍സിലിനു അഞ്ചു പൈസയും. വഴിവക്കില്‍നിന്ന് പൊട്ടിക്കുന്ന "മായ്കണ ഇല" കൊണ്ടായിരുന്നു സ്ലേറ്റു മായ്ചിരുന്നത്.
മഴക്കാര്‍ കനം വെക്കുമ്പോള്‍ മാനംഇരുളും, ഇരുണ്ട നിറമുള്ള മരബോര്‍ഡില്‍ ടീച്ചര്‍ തറപറ എഴുതും. മടക്ക യാത്രയിലും മഴ കൂട്ടിനെത്തും, ഒലിക്കുന്ന മഴവെള്ളത്തില്‍ കടലാസ്തോണി ഓടിച്ചുകളിക്കും. വീടിലെത്തുമ്പോള്‍ തലയാകെ നനഞ്ഞിരിക്കും, ഉമ്മ വഴക്കുപറയും, പിന്നെ മുഷിഞ്ഞ തട്ടം എടുത്തു തുവര്‍ത്തിതരും. കാലാന്തരങ്ങളില്‍ ഓരോ സ്കൂള്‍തുറക്കലും മാറ്റങ്ങളിലൂടെയാണ് കടന്നുപോയത് എന്നോര്‍ക്കുന്നു.
കാലം മാറിയപ്പോള്‍ കഥയുംമാറി. മണ്ണൂസ്ലേറ്റും പെന്‍സിലും രംഗം വിട്ടൊഴിഞ്ഞു. മായ്കണ ഇലയുടെ പൊടിപോലും വഴിവക്കുകളില്‍ ഇന്ന് കാണാതായി. ചില്ലുപിടിയുള്ള കറുപ്പന്‍ കുടകള്‍ കാലഹരണപ്പെട്ടു അപ്രക്തക്ഷ്യമായി. കാലാവസ്ഥയിലും വന്നു വ്യതിയാനങ്ങള്‍... മഴയുടെ ഇരമ്പലും ആര്‍തുലച്ചുള്ള വരവും സ്ക്കൂള്‍ തുറക്കുന്ന നാളില്‍ ഒരു പ്രതീക്ഷ മാത്രമായി. കാല്‍നടയായുള്ള യാത്രയും ഇല്ലാതായി. മാറ്റങ്ങളുടെ കഥ ഇവിടെ പൂര്‍ണമാകുന്നില്ല.
അഷ്‌റഫ് ഐനിക്കല്‍, ദുബായ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ