ഓർമ്മയിൽ ആദ്യമായി ഫൂട്ബോൾ കളിച്ചത് തട്ടാന്റെ പറമ്പിന്റെ വടക്കേ അറ്റത്തായിരുന്നു. അന്ന് പത്തു വയസ്സു പ്രായം. കടലാസ് ചുരുട്ടി വലിയ ഉണ്ടയാക്കി ചാക്കു നൂൽ കൊണ്ടു കെട്ടി ബന്തവസാക്കിയതായിരുന്നു അന്നത്തെ പന്ത്. തട്ടാൻ രാജേഷ്, ജപ്പാൻഷമീർ, അടിമസുരേഷ്, ബെന്നി ഇവരൊക്കെയായിരുന്നു തട്ടാന്റെ പറമ്പിലെ ആദ്യകാല താരങ്ങൾ.രാജേഷിനു അവന്റെ അച്ചൻ പേർഷ്യയിൽ നിന്നും ഒരു ബോൾ കൊണ്ടുവന്നു. കളി പിന്നെ അതുകൊണ്ടായി. പറമ്പിന്റെ കിഴക്കുള്ള പൊട്ടക്കിണറ്റിലേക്ക് ഒരുനാൾ പന്ത് വീണുപോയി. പൊട്ടക്കിണറ്റിലിറങ്ങാൻ ആർക്കും ദൈര്യമില്ല. അപ്പോഴാണ് ഔസേപ്പേട്ടന്റെ മെലിഞ്ഞ് വിളറി വെള്ളാമ്പിച്ച മകൾ ലൂസി വന്നു നിസാറിനെ നോക്കി ഒരു കാച്ചുകാച്ചിയത്..'ഒന്നു ഹെൽപ് ചെയ്യടോ'..ലൂസിടെ ഇംഗ്ലീഷ് കേട്ട് അന്താളിച്ചു നിസാർ നിൽക്കെ ലൂസി ചോദ്യം ആവർത്തിച്ചു. പിന്നെ കാത്തു നിന്നില്ല, നിസാർ പൊട്ടക്കിണറ്റിലേക്ക് ഒറ്റച്ചാട്ടം. അന്നു മുതൽ ലൂസി ഹെൽപ് ലൂസി എന്നറിയപ്പെട്ടു. പേർഷ്യൻ പന്തിനു അധികം ആയുസ്സില്ലായിരുന്നു. കാർലോസിനെ വെല്ലുന്ന നിസാറിന്റെ ഒരു കിക്ക് ഗോൾ പോസ്റ്റാക്കി വെച്ചിരുന്ന കരിങ്കല്ലിന്റെ മുനയിൽ അടിച്ചതും അമിട്ടു പൊട്ടുന്ന ശബ്ദത്തിൽ പേർഷ്യൻ ബോൾ പൊട്ടിപ്പാളീസായി.അന്നു മുങ്ങിയ ഞങ്ങൾ പിന്നെ പൊങ്ങിയേ ഇല്ല.
1985, ഇക്കാലത്ത് വാഴപ്പുള്ളിയിൽ കേരള ആർട്ട്സ് ഏന്റ് സ്പോർട്ട്സ് ക്ലബ്ബിന്റെ കളിക്കാറായി രംഗത്തുണ്ടായിരുന്നത് സണ്ണിയേട്ടൻ,ലാൽജിയേട്ടൻ,ഹംസ്സക്ക,കരീംക്ക എന്നിവരായിരുന്നു. കളിക്കിടയിൽ സുണ്ണിയേട്ടന്റെ കൈ ഒടിഞ്ഞതോടെ പിൽക്കാലത്ത് ഈ ടീം നാമാവശേഷമായി. എന്റെ അമ്മാവന്റെ പുത്രൻ ഹാരിസ് എന്ന വിദ്ദ്വാൻ തൃശ്ശൂർ നഗരത്തിൽ നിന്നും എന്റെ വീട്ടിൽ പാർക്കാൻ വന്നു.ആശാൻ പുതിയൊരു ടെക്നിക് കാണിച്ചു. പഴയ തുണി നീളൻ കഷ്ണങ്ങളാക്കി കീറി അവ ഒരു കോട്ടിക്കുമീതെ ചുറ്റിത്തുടങ്ങി.ഒരു ബബ്ലൂസ് നാരങ്ങേടെ വലിപ്പമായപ്പോൾ നിറുത്തി. പിന്നെ പല നിറത്തിലുള്ള തുണിക്കഷ്ണങ്ങൾ സമചതുരത്തിൽ തുന്നിപ്പിടിപ്പിച്ചു ഒരു പുറംതോടുണ്ടാക്കി. ഹയ്യട.. നോക്കുമ്പോൾ ഒന്നാംതരം ഒരു പന്ത് റെഡി. കളിയുടെ ആരവം തുണിപ്പന്ത് കീഴടക്കി. എന്നാൽ തുണിപ്പന്തിനു ചില വശപ്പിഷകുകൾ ഉണ്ടായിരുന്നു. ഭാരക്കൂടുതൽ കൊണ്ട് അടിച്ചാൽ നീങ്ങാൻ പ്രയാസം.ഊക്കിൽ അടിച്ചവരുടെ കാലുകൾ നീരുവന്നു വീർക്കുന്നത് നിത്യസംഭവമായി. ഇതുകൊണ്ടു ഒരു ഗുണമുണ്ടായി.മല്ലാടു കവലയയിൽ പെട്ടിക്കട നടത്തുന്ന പണിക്കർ മർമാണി തൈലം വിറ്റ് കാശുണ്ടാക്കി.
ഹുസൈൻ, രചന എന്ന പേരിൽ ഒരു ക്ലബ്ബുണ്ടാക്കി. ഞാനും നിസാറും ചേർന്ന് മല്ലാട് അബോക്കർക്കാടെ പീടികയിൽ പോയി 501സോപ്പിന്റെ പെട്ടി വാങ്ങി മുറിച്ചു ചട്ടയിൽ 'രചന ക്ലബ്ബ്' എന്ന് കരിക്കട്ട കൊണ്ടെഴുതി റോഡരികിലെ തെങ്ങിൽ ആണിയടിച്ച് ഉറപ്പിച്ചു. ആയിടേ കുരഞ്ഞൂരിലെ അലച്ച സലിടെ ടീമുമായി 5 രൂപക്കു ഒരു മേച്ച് നടന്നു.മദ്രസപ്പടിയുടെ തെക്ക് പടിഞ്ഞാറു പറമ്പായിരുനു കളിസ്ഥലം. 4-4 ൽ സമനില.. കളി കഴിയാൻ അഞ്ചു മിനുട്ട് ബാക്കി. ബേക്കിയായിരുന്ന മനു നജീബ് എല്ലാരെയും വെട്ടിച്ച് ഒറ്റക്ക് മുന്നേറി ഒരു പൂശ്പൂശി. കുരഞ്ഞിയൂരിന്റെ ഗോളി ഷെക്കീൽ ബാബുന്റെ കണ്ണുമഞ്ഞളിച്ചുപോയി. ഗോൾപോസ്റ്റാക്കി നാട്ടിയ ശീമക്കൊന്നകൾക്കുള്ളിലൂടെ ബോൾ അപ്പുറം കടന്നു. ഞങ്ങൾ ജയിച്ചു. അങ്ങിനെ പത്തു രൂപക്ക് ചാവക്കാടുനിന്നു ഒരു മൂന്നാം നംബർ ബോൾ വാങ്ങി. പണം കൊടൂത്ത് വാങ്ങിയ ആദ്യ പന്ത് ഇതായിരുന്നു. മാപ്പിള സ്കൂളിൽ നാലാം ക്ലാസ്സിൽ പടിക്കുമ്പോഴായിരുന്നു ഇത്.
കാലം എന്ന യാത്രക്കാരനൊപ്പം ഗ്രാമം മാറ്റങ്ങളുടെ പടികൾ കയറിക്കൊണ്ടിരുന്നു.തിരുവത്ര കുഞ്ചേരിയിലും മല്ലാടു പാടത്തും ടൂർണ്ണമന്റുകൾ നടന്നു. പാസ് പറപ്പൂർ, മാസ് പാടൂർ, വഴിതിരിവ് കേച്ചേരി എന്നീ അന്ന്യ ദേശക്കാർ ഫൂട്ബാൾ കളിയുടെ അന്നുവരെ കാണാത്ത അഴകും ആവേശവും നാട്ടിൻപുറത്തിനു കാട്ടിക്കൊടുത്തു. സംഘങ്ങളായി കുട്ടികളും മുതിർന്നവരും പുറമ്പോക്കിലും പാടത്തും കാൽ പന്ത് കളിച്ചു തിമർത്തു.
കാലത്തിന്റെ കുത്തൊഴുക്കിൽ ഗ്രാമത്തിന്റെ മുഖം പിന്നെയും മാറി മറിഞ്ഞു. തട്ടാന്റെ പറമ്പ് വെട്ടിമുറിച്ചു വീടുകൾ വന്നു. പുതിയ കളിസ്ഥലങ്ങൾ തേടാൻ ഇത് കാരണമായി. പാമ്പിൻ കാവിന് കിഴക്ക് കുട്ടാടൻ പാടത്തേക്ക് ഞാനും ഹുസൈൻ,ഇംതിയാസ്,ജംഷി,ഷിഹാബ്,നിസാർ,സുബൈർ എന്നിവരും ചേക്കേറി. ഉണ്ണികൃഷ്ണൻ,വയനാടൻ ജോസഫ്,സതീശൻ,പിണ്ടമണി,ചാവാളി സവാദ്, തോമാസ്,വാസു, ധർമ്മിഷ്ടൻ,ചീരാമുട്ടി തുടങ്ങി വൻ താരനിര ഞങ്ങളെ എതിരേറ്റു. സവാദും ചീരാമുട്ടിയും മത്സരിച്ചു കാലിനടിക്കും. ഒരുനാൾ ഹുസൈന്റെ ചുള്ളിവിരൽ രണ്ടുകഷ്ണങ്ങളായി കുട്ടാടൻ പാടത്തു കിടന്നു. അതോടെ ഇംതിയാസ് കളി നിറുത്തി പുറത്തിരുന്നു കമേണ്ട്രി തുടങ്ങി.ഷിഹാബിന്റെ നീക്കങ്ങളെ 'പറക്കും കടുവയെപ്പോലെ' എന്നാണു വിശേഷിപ്പിക്കാറ്. അന്നുമുതൽ ഷിഹാബിനു കടുവ എന്ന പേരു സൊന്തമായി.
ചാവക്കാട് കാജാ ട്രോഫി, കാസ് കോട്ടപ്പടി സംഘടിപ്പിച്ച ഫൂട്ബോൾ മേളകൾ തുടങ്ങിയവ പ്രാദേശിക ഫൂടുബോളിന് പുതിയ ഉണർവ്വേകി. ലക്കിസ്റ്റാർ ആലുവ,ബ്ലാക്ക് ഏന്റ് വൈറ്റ് കോഴിക്കോട്,മുഹമ്മദൻസു മലപ്പുറം തുടങ്ങി മികവുറ്റ ടീമുകൾ മാറ്റുരച്ചു. ഇതിന്റെ പ്രതിധൊനി എന്നോണം നാട്ടിൻപുറത്ത് ഇടവഴികൾ തോറും ഫൂട്ബോൾ ഹരം പടർന്നുപിടിച്ചു.
മടപ്പാട് പറമ്പ്, ചെരേയ് യു പി സ്കൂൾ പരിസരം എന്നിടങ്ങളിലെ കുറെപേർ ചേർന്ന് കോഫിഹൗസ് കേന്ദ്രമാക്കി 'കിക്കിരിമുട്ടം' എന്നപേരിൽ 1992ൽ ഒരു ഫൂടുബോൾ ടീം ഉണ്ടാക്കി. ലിംഗ് റോഡിലെ പാടമായിരുന്നു എന്നും നാട്ടിലെ ഫുട്ബോളിന്റെ മെക്ക. വർഷങ്ങളിൽ സഘടിപ്പിക്കുന്ന ടൂർണ്ണമന്റുകൾ നാടിന്റെ ആഘോഷമായിമാറി. കളി കാണാൻ നാട് മുഴുവൻ പാടത്തേക്കൊഴുകി. നാലു മണിയ്ക്ക് കളിയുടെ തുടക്കം അറിയിച്ച് മൈക്കിലൂടെ സിനിമാ ഗാനങ്ങൾ കേൾകാം. ഓല വെച്ചുകെട്ടി അതിനുള്ളിൽ ഇരിക്കുന്ന സംഘാടകർ കമ്മറ്റി എന്നറിയപ്പെട്ടു. കളിക്കാർക്ക് കുടിക്കാനുള്ള സോഡ ഈ ഷെഡ്ഡിനുള്ളിലാകും. റഫ്രിയായി മിക്കവാറും അലവിമാഷ് ഉണ്ടാകും,ഭംഗിയായും കൃത്യമായും ആ റോൾ അദ്ദേഹം ചെയ്തു. ഹാഫ് ടൈമിൽ അന്നത്തെ ബ്രാന്റ് ഐസ് ആയ മിയാമി, ടിറ്റ്ബിറ്റ് എന്നിവ കച്ചവടം പൊടിപൊടിക്കും. 25 പൈസക്ക് സേമിയം ഐസ്, കോലൈസിനും പാലൈസിനും 50 പൈസ വില. കിക്കിരിമുട്ടം നാടിനു ഫൂടുബോളിന്റെ സുവർണ്ണ ഘട്ടം സമ്മാനിച്ചു. ഈ ടീം കുറേയിടങ്ങളിൽ പോയി കളിച്ചു ജയിച്ചു മടങ്ങി. വാഴപ്പുള്ളി അറിയപ്പെട്ടു. ഡൊമിനിയേട്ടൻ,ഷാജേട്ടൻ,ബഷീർക്ക,ഷംസുക്ക, ജമാൽക്ക,ഒ എം ഷാജി എന്നിവരൊക്കെ വാഴപ്പുള്ളിക്കുവേണ്ടി ജെഴ്സി അണിഞ്ഞു. കുറേ കഴിഞ്ഞപ്പോൾ ജീവിതത്തിന്റെ തിരക്കിൽ പലരും പലവഴിക്കു തിരിഞ്ഞു. അതോടെ കിക്കിരിമുട്ടം ടീമിന്റെ അന്ത്യം കുറിക്കപ്പെട്ടു.
കാലം പിന്നേയും സഞ്ചരിച്ചു. ടെലിവിഷന്റെ വരവോടെ നാട്ടിൻപുറത്തേക്ക് ക്രിക്കറ്റ് കടന്നു കയറി. ഇത് സാവകാശം ഫൂട്ബോളിന്റെ ശക്തി ക്ഷയിപ്പിച്ചു. കോഫീ ഹൗസിൽ അനശ്വര ക്ലബ് രൂപീകരിക്കപ്പെട്ടു. ഈ ക്ലുബ്ബിന് ഫൂട്ബോളിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ നാട്ടിൻപുറത്തു കളിച്ച് വളർന്ന ഒ എം ഷറഫു പോലുള്ള പ്രതിഭകളെ പ്രോൽസാഹിപ്പിക്കുന്നതിൽ അനശ്വര പങ്കുവഹിച്ചു. ആലുക്കാസ് പോലുള്ള ജില്ലാതല ടീമുകളിൽ കളിക്കുക വഴി ഒ എം ഷറഫു, ഷംസു എന്നിവർ നാടിന്റെ അഭിമാനം ഉയർത്തി. 2005നു ശേഷം പന്തു കളി പാടങ്ങളിൽ ഒരു നേരമ്പോക്കുമാത്രമായി ഒതുങ്ങി. പഴയ അവേശം എവിടെയോ നഷ്ടപ്പെട്ടു. നാട്ടിൽ ഇന്ന് മല്ലാട് പാടത്തെങ്കിലും പന്തു കളിക്ക് ജീവൻ ബാക്കിയുണ്ട്. മുൻ കാലങ്ങളിൽ കുട്ടാടൻ പാടങ്ങളിൽ പന്തുരുളുമ്പോൾ ഉയർന്ന ആരവങ്ങൾ ഇന്നും മനസിനകത്ത് തുടികൊട്ടുന്നു. ഫൂടുബോൾ ഉത്സവങ്ങൾ നാട്ടിൻ പുറങ്ങളിൽ അരങ്ങ് തകർക്കുന്ന ദിവസങ്ങൾക്കായി നമുക്ക് കാത്തിരിക്കാം.. പ്രതീക്ഷയോടെ...
വളരെ നന്നയിരിക്കുന്നു. എന്റെ നല്ല പഴയ കാലം തിരിച്ചു വന്ന ഒരു പ്രതീധി.
മറുപടിഇല്ലാതാക്കൂasharaf ka i am really like ur story.
മറുപടിഇല്ലാതാക്കൂ100 mark !!!!
മറുപടിഇല്ലാതാക്കൂ